കുമരകം: കുമരകത്ത് ഓൺലൈൻ തട്ടിപ്പിനായി ടാക്സി ബുക്ക് ചെയ്യുന്നതായി പരാതി. കുമരകത്തെ രണ്ട് ടാക്സി ഡ്രൈവർമാരുടെ പണം നഷ്ടമായി. കുമരകം ജംഗ്ഷനു സമീപമുള്ള ഒരു ഹോം സ്റ്റേയിൽ താമസിക്കുകയാണെന്നും കുമരകത്തെ വിവിധ പ്രദേശങ്ങളിലും ആലപ്പുഴയിലും ഓട്ടം പോകണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഒട്ടനവധി ടാക്സി ഡ്രൈവർമാരെയും ഒരു ഹൗസ് ബോട്ട് ഉടമയെയും തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്.
തട്ടിപ്പിന്റെ പദ്ധതി ഇങ്ങനെ:
തട്ടിപ്പുകാർ, കാർ ബുക്ക് ചെയ്യുന്നതായി അറിയിക്കുകയും അഡ്വാൻസ് പണം ചോദിക്കാതെ തന്നെ നൽകാൻ തയാറാകുകയും ചെയ്യും. 500 രൂപ അഡ്വാൻസ് അയയ്ക്കാമെന്നറിയിക്കുകയും തുടര്‍ന്ന് അറിയാതെ 5,000 രൂപ അയച്ചതായും അവകാശപ്പെടും.
തെളിവായി വ്യാജ ഗൂഗിൾ പേ സ്ലിപ്പ് അയച്ചുകൊടുക്കുകയും ചെയ്യും. രണ്ട് ഡ്രൈവർമാർ തട്ടിപ്പു മനസിലാക്കതെ 2,000 രൂപ ഗൂഗിൾ പേ വഴി തിരിച്ചയച്ചു. പിന്നീട് അക്കൗണ്ട് ചെക്ക് ചെയ്തപ്പോഴാണ് അക്കൗണ്ടിൽ പണം ഒന്നും എത്തിയില്ലെന്നും രണ്ടായിരം രൂപ നഷ്ടമായി എന്നും അറിയുന്നത്.
ഗാലറിയിൽനിന്നുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തതിനാലാണ് കൂടുതൽ തുക നഷ്ടപ്പെടാതിരുന്നതെന്ന് ഡ്രൈവർമാർ പറഞ്ഞു. വിശ്വസിപ്പിക്കാൻ ഹരിശങ്കർ എന്ന പേരിലുള്ള ആധാർ കാർഡിന്റെ കോപ്പിയും ഡ്രൈവർമാർക്ക് അയച്ചിരുന്നു. പല നമ്പരുകളിൽ നിന്നുമാണ് തട്ടിപ്പുകാരൻ ഡ്രൈവർമാരെ വിളിച്ചത്. തട്ടിപ്പിനിരയായവർ സൈബർ പോലീസിൽ പരാതി നൽകി. അപരിചിതരായ വ്യക്തികളിൽനിന്നു കോളുകൾ വരുമ്പോൾ ടാക്സി ഡ്രൈവർമാരും ഉടമകളും ജാഗ്രത പാലിക്കണമെന്ന് കുമരകം പോലീസും നിർദേശിച്ചു.